താമരശേരി രൂപതയുടെ രണ്ടാമത്തെ ഇടയനായി തിരഞ്ഞെടുക്കപ്പെട്ടത് ഈ രൂപതാംഗവും മാനന്തവാടി രൂപതയുടെ പ്രഥമമെത്രാനുമായിരുന്ന അഭിവന്ദ്യ ജേക്കബ് തൂങ്കുഴി പിതാവായിരുന്നു. രൂപതയുടെ മദ്ധ്യസ്ഥനായ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ദിനത്തില്‍ സ്വന്തം ഇടവകയായ തിരുവമ്പാടി പ്രോ-കത്തീഡ്രലില്‍ വച്ച് സ്വന്തം രൂപതയുടെ മെത്രാനായി സ്ഥാനാഹോരണം ചെയ്തപ്പോള്‍ 'നിന്റെ മക്കളില്‍ ഒരുവനെ നിന്റെ സിംഹാസനത്തില്‍ ഞാന്‍ ഉപവഷ്ടനാക്കും' (സങ്കീ 132, 11) എന്ന സങ്കീര്‍ത്തകന്റെ വാക്കുകള്‍ നിറവേറുകയായിരുന്നു.
പാലാ രൂപതയിലെ വിളക്കുമാടത്ത് 1930 ഡിസംബര്‍ 13ന് ആയിരുന്നു പിതാവിന്റെ ജനനം. ചങ്ങാനാശേരി, ആലുവ, റോം എന്നിവിടങ്ങളിലെ സെമിനാരി പരിശീലനത്തിന് ശേഷം 1956 ഡിസംബര്‍ 22ന് റോമില്‍ വച്ച് പൗരോഹിത്യം സ്വീകരിച്ചു. കാനന്‍ നിയമത്തിലും സിവില്‍ നിയമത്തിലും ഡോക്ടറേറ്റ് നേടിയശേഷം തിരിച്ചെത്തിയ പിതാവ്, തലശേരി രൂപതാധ്യക്ഷനായിരുന്ന അഭിവന്ദ്യ മാര്‍ സെബാസ്‌ററ്യന്‍ വള്ളോപ്പിള്ളി പിതാവിന്റെ സെക്രട്ടറി, രൂപതയുടെ ചാന്‍സലര്‍, മൈനര്‍ സെമിനാരി റെക്ടര്‍ എന്നീ നിലകളില്‍ സേവനമനുഷ്ഠിച്ചു. തുടര്‍ന്ന്, ന്യൂയോര്‍ക്കിലെ ഫോര്‍ഡാം യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ മാസ്റ്റര്‍ ബിരുദം കരസ്ഥമാക്കി. രൂപതയില്‍ തരിച്ചെത്തിയ ശേഷം വിണ്ടും മൈനര്‍ സെമിനാരി റെക്ടറായി നിയമിതനായി. പുതുതായി രൂപം കൊണ്ട മാനന്തവാടി രൂപതയുടെ പ്രഥമ മെത്രാനായി 1973 മെയ് 1ന് ചാര്‍ജെടുത്തു. 22 വര്‍ഷത്തെ ശുശ്രൂഷയ്ക്കുശേഷം 1995 ജൂണ്‍ 7 ന് താമരശേരി രൂപതയുടെ രണ്ടാമത്തെ മെത്രാനായി നിയമിതനാവുകയും ജൂലൈ 28ന് രൂപതയുടെ ഭരണസാരഥ്യം ഏറ്റെടുക്കുകയും ചെയ്തു. പിന്നീട് അഭിവന്ദ്യപിതാവ് 1997 ഫെബ്രുവരി 15 ന് തൃശൂര്‍ അതിരൂപതയുടെ മെത്രാപ്പോലീത്തയായി ചാര്‍ജെടുത്തു.
പിതാവിന്റെ ഹൃദ്യമായ പെരമാറ്റം ആരെയും ആകര്‍ഷിക്കുന്നതാണ്. തന്റെ അടുത്തുവരുന്നവരെ വളരെയധികം സ്‌നേഹത്തോടെയും പരിഗണനയോടെയുമാണ് പിതാവ് സ്വീകരിക്കുന്നത്. ആരെയും വേദനിപ്പിക്കാതെ സന്തോഷപൂര്‍വ്വം സംസാരിക്കാന്‍ അദ്ദേഹത്തിനുള്ള കഴിവ് അസാമാന്യമാണ്. അനൗപചാരികത പിതാവിന്റെ സ്വഭാവത്തിന്റെ മുഖമുദ്രയായി കണക്കാക്കാം. ഓരോരുത്തരെയും പേരു ചൊല്ലി വിളിച്ചുകൊണ്ടുള്ള പിതാവിന്റെ പെരുമാറ്റം വളരെ ആകര്‍ഷണീയമാണ്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മെത്രാന്‍മാരെപ്പറ്റിയുള്ള പ്രമാണരേഖയും 16-ാം ഖണ്ഡികയില്‍ പറയുന്നതുപോലെ എല്ലാറ്റിനുമുപരി ഒരു മെത്രാനുവേണ്ടത് ഒരു പിതാവിന്റെ ഹൃദയമാണെന്ന് തൂങ്കുഴി പിതാവ് ആത്മാര്‍ത്ഥമായി വിശ്വസിക്കുന്നു.
ദൈവം ഏല്പിച്ച സുവിശേഷം മറ്റുള്ളവരെ അറിയിക്കുവാന്‍ കിട്ടുന്ന അവസരങ്ങളൊന്നും ജോലിത്തിരക്കിനിടക്കും പിതാവ് നഷ്ടപ്പെടുത്താറില്ല. ഇന്ത്യയിലെ മിക്കാവാറും എല്ലാ രൂപതകളിലെയും വൈദികരെ അദ്ദേഹം ധ്യാനിപ്പിച്ചിട്ടുണ്ട്. ഹൃദയത്തെ സ്പര്‍ശിക്കത്തവിധത്തില്‍ ദൈവവചനം വ്യാഖ്യാനിച്ചു കൊടുക്കാന്‍ ഒരു പ്രത്യേക സിദ്ധിതന്നെയുണ്ട് പിതാവിന്. പ്രസംഗങ്ങള്‍ക്ക് ഒരുങ്ങാന്‍ പുസ്തകങ്ങളേക്കാള്‍ കൂടുതലായി പ്രാര്‍ത്ഥനയാണ് അദ്ദേഹത്തെ സഹായിക്കുക. സക്രാരിയുടെ മുമ്പില്‍ പ്രാര്‍ത്ഥനാ നിരതനായിരുന്നുകൊണ്ടാണ് പിതാവ് തന്റെ പ്രധാനപ്പെട്ട പ്രസംഗങ്ങളെല്ലാം ഒരുങ്ങാറുള്ളത്. തൂങ്കുഴി പിതാവ് നന്നായി ഒരുങ്ങിയേ പ്രസംഗിക്കാറുള്ളൂവെന്നും പിതാവിന്റെ ഓരോ പ്രസംഗത്തിലും എന്തെങ്കിലും പുതിയ ഉള്‍ക്കാഴ്ചകള്‍ ഉണ്ടാകാറുണ്ടെന്നും അഭിവന്ദ്യ മങ്കുഴിക്കരി പിതാവ് പറയാറുണ്ടായിരുന്നു. നല്ല ഒരു പാട്ടുകാരനായ തൂങ്കുഴി പിതാവിന്റെ ഭക്തിനിര്‍ഭരമായ വി. കുര്‍ബാനയും സുവിശേഷപ്രസംഗവും ആരെയും ദൈവാനുഭവത്തിലേക്ക് എളുപ്പത്തില്‍ നയിക്കുന്നതാണ്.
22 വര്‍ഷത്തെ കഠിനാധ്വാനം കൊണ്ട് മാനന്തവാടി രൂപതയില്‍ ബിഷപ്‌സ് ഹൗസ്, മൈനര്‍ സെമിനാരി, പാസ്റ്ററല്‍ സെന്റര്‍, കോളേജ്, ആശുപത്രി, അനാഥാലയങ്ങള്‍ തുടങ്ങിയവയെല്ലാം പടുത്തുയര്‍ത്തി. മാനന്തവാടി കേന്ദ്രമാക്കി ക്രിസ്തുദാസി സന്ന്യാസിനി സമൂഹത്തിന് രൂപം കൊടുക്കുവാനും പിതാവിനെ ദൈവം ഉപകരണമാക്കി. താമരശേരിയില്‍ ഉണ്ടായിരുന്ന ഒന്നരവര്‍ഷത്തിനിടയില്‍ എല്ലാ ഇടവകകളും സന്ദര്‍ശിക്കുന്നതിനും സാധുജനക്ഷേമത്തിനുവേണ്ടിയുള്ള യേശുനിധി ആരംഭിക്കുന്നതിനും കത്തീഡ്രലിന്റെ അടിസ്ഥാനശില വെഞ്ചരിക്കുന്നതിനും നിര്‍മ്മാണത്തിനുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുന്നതിനും പിതാവിനു കഴിഞ്ഞു. തൃശൂര്‍ അതിരൂപതയില്‍ മേജര്‍ സെമിനാരി, മെഡിക്കല്‍ കോളേജ്, എഞ്ചിനീയറിംഗ് കോളേജ്, ട്രെയിനിംഗ് കോളേജ്, നേഴ്‌സിംഗ് കോളേജ്, തൊഴിലധിഷ്ഠിത സ്ഥാപനങ്ങള്‍ തുടങ്ങിയവ സ്ഥാപിക്കാന്‍ കഴിഞ്ഞതും പിതാവിന്റെ വലിയ നേട്ടങ്ങളാണ്.
Powered by GODS MEDIA All rights reserved.